പിള്ളേരോണം
ഇന്നാണ് (01/08/2015) കർക്കടകത്തിലെ തിരുവോണം. പിള്ളേരൊക്കെ പണ്ട് ആഘോഷമാക്കിയിരുന്ന പിള്ളേരോണം. ഇന്നത്തെ ദിവസത്തെ പ്രത്യേകത ഒന്നും ന്യൂജെൻ പിള്ളേര് അറിഞ്ഞുപോലും കാണില്ല. എന്തായാലും കൂട്ടുകാരേ ഇന്ന് ഓണമാണ്. വരാനിരിക്കുന്ന തിരുവോണത്തിന്റെ മുന്നറിയിപ്പുമായി എത്തുന്ന പിള്ളേരോണം.
പിള്ളേരോണത്തിന്റെ മാറ്റൊക്കെ ഇല്ലാതെയായി.പിള്ളേരേ.. എന്നു വിളിച്ചാൽ തന്നെ കലിതുള്ളുന്ന കൂട്ടുകാരുടെ കാലം. ഓണം കാശു കൊടുത്തു കടയിൽ നിന്നു വാങ്ങുന്ന കാലമല്ലേ, പിന്നെ എന്ത് ഒരുങ്ങാൻ എന്നാണ് പലരുടെയും ചോദ്യം. വാമന പ്രതിഷ്ഠയുള്ള തൃക്കാക്കര ക്ഷേത്രത്തിലെ ഓണാഘോഷങ്ങൾ കർക്കടകത്തിലെ തിരുവോണത്തിനു തുടങ്ങി 28 ദിവസമായിരുന്നു. ഇവിടെ ക്ഷേത്രോൽസവത്തിൽ പങ്കുകൊള്ളാത്തവർ പിന്നീടു വരുന്ന അത്തം മുതൽ പത്തു ദിവസം തൃക്കാക്കരയപ്പനെ വച്ച് ആഘോഷം നടത്തണമെന്നായിരുന്നു രാജാവായിരുന്ന പെരുമാളുടെ കൽപന.
തൃക്കാക്കരയപ്പന്റെ തിരുനാളായി തിരുവോണം കൊണ്ടാടാനും ആവശ്യപ്പെട്ടു. തിരുവോണത്തിന് 28 ദിവസം മുൻപുള്ള പിള്ളേരോണവും 28 ദിവസത്തിനു ശേഷമുള്ള 28ാം ഓണവുമൊക്കെ മലയാളിക്ക് ഒരുകാലത്ത് ആഘോഷമായിരുന്നു. ദുരിതവും പട്ടിണിയും നിറഞ്ഞ കർക്കടകത്തിന്റെ കറുത്ത നാളുകൾ ഒരു കാലത്ത് മലയാളിക്കുണ്ടായിരുന്നു. വിശപ്പടക്കി കർക്കടക മഴയെയും ശപിച്ച് ഉറങ്ങുന്ന ബാല്യങ്ങൾ കാത്തിരുന്നത് പിള്ളേരോണമാണ്. വരാനിരിക്കുന്ന സമൃദ്ധിക്കു വേണ്ടി അണിഞ്ഞൊരുങ്ങാൻ ഒരു ദിനം.
പിള്ളയോണം എന്നും വിളിച്ചിരുന്ന ഈ ദിവസമായിരുന്നു വയറു നിറയെ ചോറും കറികളും വിളമ്പിയിരുന്നത്. പഞ്ഞം നിറഞ്ഞ ദിവസങ്ങളിൽ ഒട്ടിക്കിടന്ന വയറുകൾ ഒന്നുണരും. പിന്നെ ആ രുചി നാവിൻതുമ്പിൽ നിന്നു ചോരാതെ കാത്തിരിക്കും. തിരുവോണത്തിനായി. കുഞ്ഞുങ്ങളുടെ ആവേശം കണ്ട് മാതാപിതാക്കളും ഉണരും. ഓണത്തിനായി ഒരുങ്ങും.
No comments:
Post a Comment
Note: only a member of this blog may post a comment.